കൊല്ലം: തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് പാടശേഖരത്തിലെ ശുചീകരണ പ്രവര്ത്തനങ്ങള് ഒരു ദിവസത്തില് ഒതുക്കാതെ തുടര്പ്രവര്ത്തനമാക്കി മാറ്റണമെന്ന് ജില്ലാ കലക്ടര് ആനി ജൂല തോമസ്. ‘നിര്മലം പുതുയുഗം ശുചിത്വ കേരളം’ കാമ്പയിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച നിര്മല യാത്രയും ജനകീയ ശുചീകരണ യജ്ഞവും ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കലക്ടര്. തേവലക്കര ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പ്രവര്ത്തനങ്ങളെ അഭിനന്ദിച്ച കലക്ടര് ജില്ലയിലെ മറ്റ് പഞ്ചായത്തുകളും ഈ മാതൃക പിന്തുടരണമെന്നും വ്യക്തമാക്കി.
രാവിലെ 8.30-ന് പടിഞ്ഞാറ്റക്കര മുളക്കല് എല്.പി. സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച നിര്മല യാത്ര ചെളിത്തോട് പാടശേഖരത്തില് അവസാനിച്ച ശേഷമാണ് ശുചീകരണ യജ്ഞത്തിന് തുടക്കമായത്. ഹരിതകര്മസേനാംഗങ്ങള്, തൊഴിലുറപ്പ് തൊഴിലാളികള്, ഉദ്യോഗസ്ഥര്, സ്കൂള് വിദ്യാര്ഥികള്, ജനപ്രതിനിധികള് എന്നിവര് യാത്രയിലും ശുചീകരണ പ്രവര്ത്തനങ്ങളിലും പങ്കാളികളായി.
ചടങ്ങിൽ മുളക്കല് എല്.പി. സ്കൂളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘ഇതള് വിരിയും വഴികള്’ എന്ന പദ്ധതിയുടെ രൂപരേഖ ജില്ലാ കലക്ടര് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില് എസ്., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല, ജില്ലാ പഞ്ചായത്ത് അംഗം അരുണ് രാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് മുളയ്ക്കല്, പ്രധാന അധ്യാപിക ആനി കെ. ജോര്ജ് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.

