നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ അടക്കം നാലുപേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ വൈകുന്നേരം അഞ്ചുമണിവരെയാണ് പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കോടതിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകരുതെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് സ്കൂട്ടർ യാത്രികർ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പ്രതികളെ പോലീസ് പൊതുമധ്യത്തിൽ പ്രദർശിപ്പിച്ചെന്നും പ്രതിഭാഗം വാദിച്ചു. അപകടമരണത്തെ ന്യായീകരിക്കുന്നില്ലെങ്കിലും മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനല്ല, മറിച്ച് സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ പ്രതികളുടെ പ്രായം കുറവാണെന്ന വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അപകടത്തിൽ മരിച്ചവർക്കും പ്രായം കുറവായിരുന്നുവെന്നും അവർക്കും വലിയ സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ ഓർമ്മിപ്പിച്ചു. തുടർന്ന് ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. കോടതി ഉത്തരവോടെ തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കും.

