കീവ്: റഷ്യ നടത്തുന്ന മിസൈൽ ആക്രമണങ്ങളെക്കുറിച്ച് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെടുന്നതിലൂടെ അമേരിക്ക റഷ്യയെ പരോക്ഷമായി സഹായിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുക്രെയ്ൻ. ഇതോടൊപ്പം സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും യുക്രെയ്ൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഊർജ്ജ, താപ വിതരണ ശൃംഖലകളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ആറ് ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുക്രെയ്ന്റെ ഈ പ്രതികരണം. തലസ്ഥാനമായ കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നതിന് മുമ്പ് തന്നെ റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ പതിക്കുകയായിരുന്നു. റഷ്യയോടുള്ള അമേരിക്കയുടെ നയപരമായ സമീപനങ്ങളും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്കെതിരായ വിമർശനങ്ങളും നിലനിൽക്കുന്നതിനിടെയാണ് കീവും വാഷിംഗ്ടണും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുന്നത്.

