ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

കാൻബറ: ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്ന 4.6 ശതമാനമായിരുന്നുവെങ്കിലും, ഇത് പിന്നീട് 4.7 ശതമാനമായി എ.ബി.എസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണുകളിൽ നിന്ന് രാജ്യം കരകയറിക്കൊണ്ടിരുന്ന 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം തൊഴിലില്ലായ്മ നിരക്കാണിത്. അന്ന് 5.2 ശതമാനമായിരുന്നു തൊഴിൽരഹിതരുടെ നിരക്ക്.

ഈ മാസം രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 39,000 പേരുടെ കുറവുണ്ടായപ്പോൾ, തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 9,000 പേരുടെ വർദ്ധനവുണ്ടായതായി എ.ബി.എസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി സീൻ ക്രിക്ക് പറഞ്ഞു. ഇതോടെ രാജ്യത്തെ ജനസംഖ്യാനുപാതിക തൊഴിൽ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 63.6 ശതമാനത്തിലും, തൊഴിൽ പങ്കാളിത്ത നിരക്ക് 0.2 ശതമാനം കുറഞ്ഞ് 66.8 ശതമാനത്തിലുമെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സെപ്റ്റംബറിൽ ഉയർന്ന ശതമാനം ആളുകൾ തൊഴിൽരഹിതരായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾക്ക് ഇത് കനത്ത തിരിച്ചടിയാണെങ്കിലും, നിരക്കിലെ വർദ്ധനവ് ക്രിസ്മസിന് മുന്നോടിയായി റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) വരുത്തിയേക്കാമായിരുന്ന പലിശ നിരക്ക് വർദ്ധനവിന് തടയിട്ടേക്കും. തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിലേക്ക് ഉയർന്നത് പണപ്പെരുപ്പക്കണക്കുകൾ കൂടുതൽ പരിശോധിക്കാൻ ആർ.ബി.ഐക്ക് സാവകാശം നൽകുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഓസ്‌ട്രേലിയയിലെ ഓസ്കർ ഗുത്ത് വിലയിരുത്തി. അടുത്ത വർഷം ആദ്യ പാദത്തിൽ മാത്രമേ അടുത്ത പലിശ നിരക്ക് വർദ്ധനവിന് സാധ്യതയുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും പലിശ നിരക്കുകൾ ക്രമേണ കുറയ്ക്കാനും തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം വരെ ഉയർന്നേക്കാമെന്ന് റിസർവ് ബാങ്ക് ഗവർണർ മിഷേൽ ബുല്ലക്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്കർ ഗുത്തിന്റെ മുന്നറിയിപ്പ്. ഇന്ധനവില വർദ്ധനവും കർശനമായ പണനയങ്ങളും തൊഴിൽ വിപണിയെ ബാധിക്കുന്നതിനാൽ 2027-ഓടെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *