പൊതുസമാധാനം തകർക്കരുത്; സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനെത്തിയപ്പോൾ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കർശന ഉപാധികളോടെയാണ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് പൊതുസമാധാനത്തെ ബാധിക്കുന്ന യാതൊരുവിധ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന വ്യവസ്ഥയിലുള്ള പീസ് ബോണ്ട് വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് മോചനം സാധ്യമായത്.

കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലെ പ്രതിഷേധത്തിൽ പങ്കെടുക്കാനിറങ്ങിയ ദീപ്കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാട്ടി പോലീസ് നേരത്തെ ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ പത്തിന് ജന്തർ മന്തർ മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴും ദീപ്കെ, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായിരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹാ ബോറയെ രാവിലെ വിട്ടയച്ചിരുന്നു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നലെയും സംഘർഷഭരിതമായി. കോക്ക്റോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’ക്ക് പിന്തുണയുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നീ സംഘടനകളും പൗരാവകാശ പ്രവർത്തകരും ആം ആദ്മി പാർട്ടിയും തെരുവിലിറങ്ങി. നേതാക്കൾ കസ്റ്റഡിയിലായെങ്കിലും വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും പ്രവർത്തകർ മിന്നൽ പ്രതിഷേധങ്ങൾ നടത്തി. സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പോലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ദേശീയ പതാകയേന്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ വൻ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *