പമ്പ: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ഉടൻ ശബരിമലയിലെത്തുന്ന ഭക്തർക്കായി തിരുപ്പതി മാതൃകയിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇത്തവണ അപ്പം, അരവണ തുടങ്ങിയ വഴിപാടുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തരുടെ സുഗമമായ ദർശനത്തിനും സുരക്ഷയ്ക്കുമായി പോലീസ്, ഫയർഫോഴ്സ് സേനകളെ സേനാമേധാവിമാരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി വിന്യസിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മൂലമുണ്ടാകുന്ന മാലിന്യപ്രശ്നം തടയാൻ കർശന നിയന്ത്രണ സംവിധാനം ഏർപ്പെടുത്തും. കൂടാതെ, തീർഥാടന പാതയിലെ ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും.

പമ്പയിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി 6,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജർമ്മൻ മാതൃകയിലുള്ള പന്തൽ (ഷെഡ്) നിർമിക്കും. ആരോഗ്യ പരിപാലനത്തിനായി 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. തീർഥാടന മേഖലയിലെ മാലിന്യ നിർമാർജനം സമയബന്ധിതമായി പൂർത്തിയാക്കും. ഭക്തർക്കായി 461 ബസുകളാണ് കെ.എസ്.ആർ.ടി.സി ക്രമീകരിക്കുന്നത്. വിവിധ പ്രമുഖ ക്ഷേത്രങ്ങളെ ശബരിമലയുമായി ബന്ധിപ്പിച്ച് ‘ടെമ്പിൾ കണക്റ്റിവിറ്റി’ സർവീസുകളും ഉറപ്പാക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കർശനമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവഴിച്ച് നടക്കുന്ന ചാലക്കയം റോഡിന്റെ നവീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ മേഖലയിലെ ആശുപത്രികളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും, തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

