സ്‌കോൺ റേസ്‌കോഴ്‌സിന് സമീപം ചെറുവിമാനം തകർന്നുവീണു;രണ്ട് പേർക്ക് ദാരുണാന്ത്യം

സിഡ്‌നി: ന്യൂ സൗത്ത് വെയ്ൽസിലെ ഹണ്ടർ മേഖലയിലുണ്ടായ ചെറുവിമാനാപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.55-ഓടെ സ്‌കോൺ എയറോഡ്രോമിന് സമീപമുള്ള ബുന്നൻ റോഡിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്‌കോൺ റേസ്‌കോഴ്‌സിന് സമീപം തകർന്നുവീണ വിമാനത്തിൽനിന്ന് ഇന്ധനം ചോർന്നതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടസ്ഥലം ക്രൈം സീനായി പ്രഖ്യാപിച്ച പോലീസ്, ഫൊറൻസിക്-സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

റീക്രിയേഷണൽ ഏവിയേഷൻ ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (എ.ടി.എസ്.ബി) എന്നിവരെ വിവരമറിയിച്ചിട്ടുണ്ട്. റീക്രിയേഷണൽ ഏവിയേഷൻ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത കിറ്റ്-ബിൽറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എ.ടി.എസ്.ബി വ്യക്തമാക്കി. വിനോദ ആവശ്യങ്ങൾക്കുള്ള ഇത്തരം ചെറുവിമാനങ്ങളുടെ അപകടങ്ങൾ സാധാരണയായി തങ്ങൾ അന്വേഷിക്കാറില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *