കൊച്ചി: എറണാകുളം മാർക്കറ്റിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം സിനഗോഗിന് സമീപമുണ്ടായ തീവയ്പ് കേസിൽ പ്രതി എബിൻ പോളിന് നിർദേശം നൽകിയതായി പറയപ്പെടുന്ന ‘ബോസ്’ എന്നയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത ഡിജിറ്റൽ വിവരങ്ങളും ചാറ്റുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോസിന്റെ യഥാർഥ വ്യക്തിത്വം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ഞായറാഴ്ച നടത്തിയ തെളിവെടുപ്പിൽ സിനഗോഗിന് പുറമേ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂം, തൃപ്പൂണിത്തുറയിലെ പടക്കക്കട, പുത്തൻകുരിശിലെ ലൈറ്റർ വാങ്ങിയ കട, പെട്രോൾ വാങ്ങിയ പമ്പുകൾ, വാളകം അമ്പലംപടിയിലെ ഒരു വീട് എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു.
ബോസുമായി നടത്തിയതായി പറയപ്പെടുന്ന ചാറ്റുകളിൽ എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ആവശ്യപ്പെട്ട സന്ദേശങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ടെലഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി കമ്പനിയ്ക്ക് പൊലീസ് കത്തയച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ തീവെച്ചതിന് 5,000 രൂപയും സിനഗോഗിന് മുന്നിലെ തീവയ്പിന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസിയും ലഭിച്ചതായി പ്രതി മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വിലയിരുത്തുന്നതിനാൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. സംഭവത്തിനു പിന്നിലെ വ്യക്തികളെയും ഗൂഢാലോചനയെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

