യൂറോപ്പിൽ യുവജനപ്രക്ഷോഭം വ്യാപിക്കുന്നു; പലയിടത്തും അക്രമം, കടകൾ കൊള്ളയടിച്ചു

പാരിസ്: വർധിച്ചുവരുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ഭവനവാടകയിലെ വർധന എന്നിവയ്ക്കെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഫ്രാൻസ്, ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്കും പൊതുമുതലുകൾക്കും തീയിടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഫ്രാൻസിൽ മാത്രം പ്രതിഷേധങ്ങളിൽ എട്ടുലക്ഷത്തോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആഡംബര വസ്ത്രശാലകൾ, മൊബൈൽ കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ കൊള്ളയടിച്ചു. മാർസെയിൽ സിറ്റി ഹാളിൽ അതിക്രമിച്ചുകയറി ചുവരെഴുത്തുകൾ നടത്തിയതായും ലിമോജസിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാളിന് തീയിട്ടതായും റിപ്പോർട്ടുണ്ട്. ലിയോണിലെ ടൂറിസ്റ്റ് ഓഫീസിനും തീയിട്ടു. ഫ്രാൻസിൽ വിവിധ നഗരങ്ങളിലായി 1,200 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

ഇറ്റലിയിലെ മിലാനിൽ പ്രതിഷേധക്കാർ കല്ലേറ് നടത്തിയതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബെൽജിയത്തിലെ ബ്രസൽസിൽ വിദ്യാർഥി പ്രതിഷേധം നിയന്ത്രിക്കാൻ കണ്ണീർവാതകവും ലിയേജിൽ ജലപീരങ്കിയും പ്രയോഗിച്ചു. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ഉയർന്ന ജീവിതച്ചെലവിനും വീടുകളുടെ വാടക വർധനയ്ക്കുമെതിരെ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. അൽബേനിയയിൽ പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭവും തുടരുകയാണ്.

ഫ്രാൻസിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും അധ്യാപകരുടെ കുറവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് ജീവിതച്ചെലവ്, പൊതുസേവനങ്ങളുടെ നിലവാരം തുടങ്ങിയ വിഷയങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ സർക്കാരുകൾക്ക് മേൽ സമ്മർദം വർധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *