ന്യൂഡൽഹി: കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായതായി ആരോപണം. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഇരുവരുടെയും മോചനത്തിനായി സമർപ്പിച്ച ജാമ്യരേഖകൾ അംഗീകരിക്കുന്നതിൽ അധികൃതർ മനഃപൂർവം വൈകുന്നതായാണ് പാർട്ടിയുടെ ആരോപണം. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
ഒക്ടോബർ 18-ന് നിശ്ചയിച്ചിരുന്ന വാദം പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം.) സമയത്ത് എത്താത്തതിനെത്തുടർന്ന് വൈകിയെന്നാണ് സി.ജെ.പി. നിയമവിഭാഗം മേധാവി രത്ന സിങ് ആരോപിച്ചത്. ഇരുവർക്കുമായി സമർപ്പിച്ച നാല് ആൾജാമ്യക്കാരുടെ രേഖകൾ വ്യക്തതയില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചതായും അവർ പറഞ്ഞു. പിന്നീട് മജിസ്ട്രേറ്റ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി അറിയിച്ച് കേസിൽനിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ജന്തർ മന്തർ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് നീക്കിയതിനു പിന്നാലെ അവിടെ പ്രവേശിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ 14-ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു നടപടി. ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി പാർട്ടി നിയമപരമായ വഴികൾ തേടുകയാണ്.

