ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ അനുസ്മരണം പാലായിൽ നടന്നു

പാലാ: ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്റെ സ്മരണ പുതുക്കി പാലാ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നിരവധി ആനപ്രേമികളും പങ്കെടുത്തു.

സമ്മേളനത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പല്ലാട്ട് ബ്രഹ്മദത്തന്റെ ഫോട്ടോ അനാച്ഛാദനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. തലയെടുപ്പും സൗന്ദര്യവും കൊണ്ട് ഉത്സവപ്പറമ്പുകളിൽ വിസ്മയം തീർത്ത ബ്രഹ്മദത്തന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

ബ്രഹ്മദത്തന്റെ ഛായാചിത്രം ളാലം മഹാദേവർ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ സ്ഥാപിക്കാൻ ചടങ്ങിൽ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാന്മാരായ അമൽ, ശരത്, വിശാൽ, ലോറി ഡ്രൈവർ ബൈജു എന്നിവരെ ചെയർപേഴ്സൺ മായാ രാഹുൽ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ നാരായണൻകുട്ടി, അരുൺ നിവാസ്, ഉണ്ണി അശോക്, ലിജിൻ ലാൽ, ടോണി തൈപ്പറമ്പൻ, ജോസിൻ ബിനോ, ബിജി ജോജോ, രഞ്ജിത്ത് മീനാഭവൻ, എൻ.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. ഉടമ രാജേഷ് പല്ലാട്ട് കൃതജ്ഞത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *