ഗ്വായാക്വിൽ: ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന വിശുദ്ധ കുർബാനയ്ക്കിടെ ഭാരമേറിയ മരക്കുരിശ് തലയിലേക്ക് പതിച്ച് പുരോഹിതൻ മരിച്ചു. ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സൊകോറോ (നിത്യസഹായ മാതാവിന്റെ) പള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. മോസ്റ്റ് ഹോളി റിഡീമർ കോൺഗ്രിഗേഷൻ അംഗമായ ഫാദർ പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.
കുർബാന നടന്നുകൊണ്ടിരിക്കെ പള്ളിയുടെ ചുമരിൽ ഘടിപ്പിച്ചിരുന്ന വലിയ മരക്കുരിശും അതിലെ യേശുക്രിസ്തുവിന്റെ രൂപവും പെട്ടെന്ന് ഇളകി പുരോഹിതന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു.
സംഭവം കണ്ട് ഭയന്നുവിറച്ച വിശ്വാസികൾ ഉടൻ തന്നെ സഹായത്തിനായി ഓടിയെത്തുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തെങ്കിലും ഫാദർ സാഞ്ചസ് മൊളിനാരിയെ രക്ഷിക്കാനായില്ല. കുർബാനയുടെ തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കെ വിശ്വാസികളുടെ കൺമുന്നിൽ അരങ്ങേറിയ ഈ ദുരന്തം ഏവരെയും വലിയ ഞെട്ടലിലാഴ്ത്തി.

