വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ഉയരെ ഉന്നതി’ ജനസമ്പർക്ക പരിപാടി നടന്നു

വാഴക്കുളം: സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്നതിനുമായി വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഉയരെ ഉന്നതി’ ജനസമ്പർക്ക പരിപാടിയുടെ മൂന്നാം ഘട്ടം വാഴക്കുളം ഗ്രാമപഞ്ചായത്തിലെ നോർത്ത് എഴിപ്പുറം ഗവ. യു.പി. സ്കൂളിൽ നടന്നു. ഉന്നതികളിലെ അടിസ്ഥാനസൗകര്യ വികസന പ്രശ്നങ്ങൾ, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസ്സങ്ങൾ, പൊതുജനങ്ങളുടെ മറ്റ് പരാതികൾ എന്നിവ നേരിട്ട് കേട്ട് ആവശ്യമായ അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച അദാലത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ എം.എൽ.എയ്ക്ക് മുന്നിൽ നേരിട്ടെത്തി പരാതികളും ആവശ്യങ്ങളും അവതരിപ്പിച്ചു. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉടനടി പരിഹാരം കാണുന്നതിനും അർഹരായവർക്ക് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർക്ക് എം.എൽ.എ നിർദേശം നൽകി. ഉന്നതികളിലെ ജനങ്ങൾ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ നേരിട്ടറിയാനും അവ പരിഹരിക്കാനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും പരിപാടി വേദിയായി.

ചടങ്ങിൽ വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കൗലത്ത് മരക്കാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ സി.എ., സമിതാ അൻസാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഷ്റഫ് തേനൂർ, സുധീർ മുച്ചേത്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *