കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പത്ത് ദിവസം നീളുന്ന ദസറ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ്. കണ്ണൂർ നഗരത്തിൽ ആദ്യമായി സർവീസ് നടത്തുന്ന ഇരുനില ബസിൽ യാത്ര ചെയ്യാനുള്ള കൗതുകത്തോടെ വലിയ ജനപ്രവാഹമാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. രാത്രികാലങ്ങളിൽ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന നഗരവീഥികളിലൂടെയുള്ള യാത്ര ദസറയുടെ ഉത്സവക്കാഴ്ചകൾ ആസ്വദിക്കാൻ മികച്ച അവസരമൊരുക്കുന്നു.
താഴത്തെ നിലയിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ ബസ് എറണാകുളത്തു നിന്നാണ് ദസറ ആഘോഷങ്ങൾക്കായി കണ്ണൂരിലെത്തിച്ചത്. മുൻകൂട്ടി ടിക്കറ്റ് എടുക്കാനും നഗരക്കാഴ്ചകൾ കാണാനും വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സർവീസിന് ജനപ്രീതി വർധിച്ചതോടെ ബസിൽ കയറാൻ ആളുകൾ മണിക്കൂറുകളോളം വരിനിൽക്കേണ്ട സ്ഥിതിയുണ്ടായി. പലർക്കും യാത്രക്കായി രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതോടെ, തിക്കും തിരക്കും ഒഴിവാക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും കെ.എസ്.ആർ.ടി.സി ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി.
ടോക്കൺ സമ്പ്രദായം നടപ്പിലാക്കിയത് തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും കൃത്യമായി ഊഴം ഉറപ്പാക്കാനും സഹായകരമായതായി ജില്ലാ ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ തൻസീർ കെ.ആർ. വ്യക്തമാക്കി. കണ്ണൂരിലെ ജനങ്ങൾ ഈ സർവീസിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവീസിലൂടെ പ്രതിദിനം 50,000 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്നും ഇത് വലിയൊരു റെക്കോർഡ് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

