നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചാൽ പിടിവീഴും; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളിൽ വരുത്തുന്ന മാറ്റങ്ങളും കൃത്രിമങ്ങളും ഗുരുതരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ് അഴിച്ചുവെക്കുന്നതും വളച്ചുവെക്കുന്നതും ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയലുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റുകളുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളാണ് ശ്രദ്ധയിൽപ്പെടുന്നത്. നമ്പർ പ്ലേറ്റ് പൂർണമായി അഴിച്ചുമാറ്റുക, വളച്ചുവെക്കുക, മറച്ചുവെക്കുക, ഒരു ഭാഗം മുറിച്ചുകളയുക, അക്കങ്ങൾ വ്യക്തമാകാതിരിക്കാൻ കരി ഓയിലോ ചെളിയോ തേച്ചുപിടിപ്പിക്കുക, അക്കങ്ങൾക്ക് മുകളിൽ വസ്തുക്കൾ ഒട്ടിക്കുക തുടങ്ങിയ പ്രവണതകൾ വർധിച്ചുവരികയാണ്. ഇതിനുപുറമെ വിചാഗിരി വെച്ച് ആവശ്യാനുസരണം മടക്കിവെക്കുക, റിമോട്ട് ഉപയോഗിച്ച് പ്ലേറ്റ് മറയ്ക്കുക, ക്യാമറയിൽ പതിയാത്ത മെറ്റീരിയലുകൾ ഉപയോഗിക്കുക, അനാവശ്യ ചിത്രങ്ങളും എഴുത്തുകളും പതിപ്പിക്കുക തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തുന്നുണ്ട്.

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ പ്ലേറ്റുകൾ സ്ഥാപിക്കുന്നതും ചട്ടലംഘനമാണ്. കളർ കോഡിംഗിലും പലരും കൃത്രിമം കാട്ടുന്നുണ്ട്. ടെമ്പററി രജിസ്ട്രേഷൻ നമ്പറുകൾ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ കറുത്തതോ ആയ അക്കങ്ങളിൽ എഴുതുക, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ വശങ്ങളിൽ നമ്പർ രേഖപ്പെടുത്താതിരിക്കുക, ഇലക്ട്രിക് (EV) ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങൾക്ക് പകരം വെളുത്ത അക്ഷരങ്ങൾ നൽകുക തുടങ്ങിയ തെറ്റായ രീതികളും പതിവാണ്.

ഇത്തരം പ്രവൃത്തികൾ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളെ തിരിച്ചറിയാൻ തടസ്സമുണ്ടാക്കുകയും ‘ഹിറ്റ് ആൻഡ് റൺ’ കേസുകളിൽ ഉൾപ്പെടെ ഇരകൾക്ക് ലഭിക്കേണ്ട ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിച്ചു. രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3,000 രൂപയും, മീഡിയം-ഹെവി വാഹനങ്ങൾക്ക് 5,000 രൂപയുമാണ് പിഴ ചുമത്തുക.

Leave a Reply

Your email address will not be published. Required fields are marked *