കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽപ്പെട്ട കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സമുണ്ടാക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് പൂനെയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ സമയത്ത് പറവൂരിലെ വിവിധ ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. കൈതാരത്ത് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ഇ.ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനു പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ പൂനെയിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാമൂഹികവിരുദ്ധ മനോഭാവമാണ് ഇതിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി.

