തുടർച്ചയായി ക്ലാസ് മുടക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു;ആയിരക്കണക്കിന് രക്ഷിതാക്കൾക്കെതിരെ നിയമനടപടിയും കനത്ത പിഴയും

മെൽബൺ: ഓസ്‌ട്രേലിയയിൽ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ അസാന്നിധ്യം വലിയ തോതിൽ വർധിക്കുന്ന പശ്ചാത്തലത്തിൽ, കുട്ടികളെ കൃത്യമായി സ്കൂളിലയക്കാത്ത രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്കൂളിൽ നിരന്തരമായി ഹാജരാകാതിരുന്ന 1,700-ലധികം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും കനത്ത തുക പിഴയും നോട്ടീസുകളും അയച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത കുട്ടികളിൽ വർധിക്കുന്നത് കേവലം നിയമലംഘനം എന്നതിലുപരി വലിയൊരു സാമൂഹിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞെന്നാണ് വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പഠനത്തോടുള്ള മടി എന്നതിനപ്പുറം കുട്ടികൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം, ഡിജിറ്റൽ സ്ക്രീനുകളോടുള്ള അമിതമായ ആസക്തി, ഓൺലൈൻ ലോകം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ തുടങ്ങി കുട്ടികൾ തുറന്നുപറയാൻ മടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് പലപ്പോഴും ക്ലാസ് മുടക്കുന്നതിലേക്ക് നയിക്കുന്നത്. എന്നാൽ കുട്ടികളുടെ ഈ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിൽ വരുന്ന വീഴ്ചകൾ രക്ഷിതാക്കളെ ഒടുവിൽ നിയമനടപടികളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും എത്തിക്കുകയാണ്.

ക്ലാസ് മുറികളിൽ നിന്നുള്ള ഓരോ ദിവസത്തെയും അസാന്നിധ്യം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറയെയും ഭാവിയെയുമാണ് തകർക്കുന്നത്. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കാൻ മാത്രമല്ല, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനും രക്ഷിതാക്കളും സമൂഹവും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *