മെൽബൺ: മെൽബണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ക്ലൈഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ വർണശബളമായ ഓണാഘോഷത്തിന് കൂടുതൽ തിളക്കമേകി ‘ഓണം ബിയോണ്ട് ബോർഡേഴ്സ്’ എന്ന ഹാസ്യസ്കിറ്റ്. പ്രശസ്ത മലയാള സിനിമാതാരം മമിത ബൈജുവിന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഓണാഘോഷത്തിൽ ക്ലൈഡിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ സ്കിറ്റ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കഥ, തിരക്കഥ, സംവിധാനം, ശബ്ദമിശ്രണം, വീഡിയോ എഡിറ്റിങ് തുടങ്ങി എല്ലാ മേഖലകളിലുമുള്ള മികവുകൊണ്ട് ഒരു സിനിമ കണ്ട പ്രതീതിയാണ് സ്കിറ്റ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ജോഷ് തോമസിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ സ്കിറ്റിന്റെ കഥയും സംവിധാനവും ശബ്ദമിശ്രണവും നിർവഹിച്ചത് ജോഷ് തോമസാണ്. സ്മിത മാക്സ്, ജിബി തോമസ്, ഡോ. ജിബി ലൈസൺ എന്നിവരും ജോഷ് തോമസിനൊപ്പം രചനയിൽ പങ്കാളികളായി. സ്ക്രിപ്റ്റ് റൈറ്റിങ്ങിലും കഥയുടെ രൂപീകരണത്തിലും തുടങ്ങി ഈ സ്കിറ്റിന്റെ ആദ്യഘട്ടം മുതൽ സ്റ്റേജിലെ വിജയകരമായ അവതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സ്മിത മാക്സ് നൽകിയ പിന്തുണയും സഹകരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
വിവിധ മേഖലകളിൽ വിലപ്പെട്ട സഹായവും പ്രോത്സാഹനവും നൽകി ഈ കലാവിരുന്നിന്റെ വിജയത്തിനായി ഒപ്പം നിന്ന ആതിര ജോഷി, സ്കിറ്റിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവരുടെ ആത്മാർഥമായ പരിശ്രമവും അകമഴിഞ്ഞ പിന്തുണയും അണിയറപ്രവർത്തകർക്ക് വലിയ കരുത്തായി.
ശബ്ദ-ദൃശ്യസംവിധാനങ്ങളിലെ മികവും കൃത്യമായ അവതരണവും ഹാസ്യരംഗങ്ങളുടെ സ്വാഭാവികതയും സ്കിറ്റിനെ വേറിട്ടുനിർത്തി. ഓരോ രംഗവും പ്രേക്ഷകരിൽ ചിരിയും ആവേശവും നിറച്ചപ്പോൾ, കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ‘ഓണം ബിയോണ്ട് ബോർഡേഴ്സ്’ ഓണാഘോഷത്തിലെ ശ്രദ്ധേയമായ കലാവിരുന്നായി മാറി.
അഭിനയമികവുകൊണ്ട് സ്കിറ്റിനെ കൂടുതൽ ആകർഷകമാക്കിയത് സന്തോഷ് കുമാർ വി എസ്, ജിബി ലൈസൺ, ലിജോ സ്റ്റീഫൻ, ജിപ്സൺ ജോൺ, ലൈസൺ ജോസഫ്, ജുവൽ കോലത്ത്, സന്ദീപ് രാജൻ, ജിബി തോമസ്, സ്മിത മാക്സ്, റിജാ എലിസബത്ത് സഖറിയ, സാറാ മരിയ ജോഷി, ഡോ. സ്റ്റീഫൻ ജോസഫ് എന്നിവരാണ്. ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി
റിപ്പോര്ട്ട്: ജോസ് കോലോത്ത്

