കോളേജ് വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ‘വിജ്ഞാന ദർശിനി’ യാത്രാ പാക്കേജ്

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പഠന-വിനോദ യാത്രകൾ സാധ്യമാക്കുന്ന ‘വിജ്ഞാന ദർശിനി’ യാത്രാ പാക്കേജ് കെ.എസ്.ആർ.ടി.സി ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ (BTC) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളിൽ ചരിത്രപരവും ശാസ്ത്രീയവുമായ വിജ്ഞാനം വളർത്തുന്നതിനൊപ്പം സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ ഉയർന്ന യാത്രാനിരക്കുകളിൽ നിന്ന് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാർഥികളുടെ ആവശ്യാനുസരണം സൂപ്പർ ഡീലക്സ്, എയർ കണ്ടീഷൻഡ് (AC), മിന്നൽ, ലോ-ഫ്ലോർ വോൾവോ ഉൾപ്പെടെയുള്ള ബസുകൾ മിതമായ നിരക്കിൽ ലഭ്യമാക്കും. വയനാട്, മൂന്നാർ, നെല്ലിയാമ്പതി, ഗവി, വാഗമൺ, ഇടുക്കി ഡാം, മലക്കപ്പാറ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിലേക്കും യാത്രകൾ തിരഞ്ഞെടുക്കാം.

ചുരുങ്ങിയ ചെലവിൽ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസുകളിലെ താമസസൗകര്യവും സർക്കാർ ഗസ്റ്റ് ഹൗസുകൾ, ഡി.ടി.പി.സി കേന്ദ്രങ്ങൾ എന്നിവ വഴിയുള്ള സൗകര്യങ്ങളും യാത്രാ പാക്കേജിന്റെ ഭാഗമായി ഒരുക്കും. താല്പര്യമുള്ള കോളേജ് അധികൃതർക്കോ വിദ്യാർഥി പ്രതിനിധികൾക്കോ അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർമാരുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രാ പ്ലാൻ തയ്യാറാക്കി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *