ചാലിപ്പുഴ മുറമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യം

കോടഞ്ചേരി: കാലവർഷക്കെടുതിയെ തുടർന്ന് ചാലിപ്പുഴയുടെ മുറമ്പാത്തി മേഖലയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതോടെ ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയിലേക്ക് ഒലിച്ചുപോയി നശിച്ചത്. ഓരോ മഴക്കാലത്തും ആവർത്തിക്കുന്ന കരയിടിച്ചിൽ കാരണം തീരദേശവാസികളായ കർഷകർ കടുത്ത ആശങ്കയിലാണ്.

തുടർച്ചയായ ശക്തമായ ഒഴുക്കിൽ കരയിടിഞ്ഞ് നിരവധി കർഷകരുടെ കൃഷിയിടങ്ങളുടെ അതിരുകൾ പോലും തിരിച്ചറിയാനാവാത്തവിധം ഒലിച്ചുപോയി. മണ്ണിടിച്ചിൽ നേരിടുന്ന ഭാഗത്തിന് ഒരു കിലോമീറ്റർ മുകളിലുള്ള അച്ചൻകടവ് പാലത്തിന് 12 മീറ്റർ വീതി മാത്രമുള്ളപ്പോൾ, ശക്തമായ ഒഴുക്കും കരയിടിച്ചിലും കാരണം മുറമ്പാത്തി ഭാഗത്ത് പുഴയുടെ വീതി നിലവിൽ 30 മുതൽ 40 മീറ്റർ വരെയായി വർദ്ധിച്ചതായാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണണമെന്നും പുഴയുടെ ഇരുകരകളിലും അടിയന്തരമായി കരിങ്കൽ സംരക്ഷണഭിത്തി നിർമ്മിച്ച് ശേഷിക്കുന്ന കൃഷിഭൂമിയെങ്കിലും സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *