തിരുവനന്തപുരം: വിവാദമായ തൃശ്ശൂർ പൂരം അട്ടിമറി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. അന്വേഷണം പൂർത്തിയായി എട്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് കൈമാറാതെ നീട്ടിക്കൊണ്ടുപോയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. തുടർനടപടികൾക്കുള്ള സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി സമർപ്പിക്കും.
സർക്കാർ ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപാഹ്വാനം നടത്തുക, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിൽ സർക്കാർ അനുമതി ആവശ്യമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.
തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. എന്നാൽ, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് കേസന്വേഷണം നീട്ടിക്കൊണ്ടുപോകാനും റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെക്കാനും ശ്രമം നടന്നതായി ശക്തമായ ആക്ഷേപം ഉയർന്നിരുന്നു.

