തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചതിനൊപ്പം അറബിക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങൾ കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നിലവിലുണ്ട്. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 25-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തീരദേശ, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *