ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി പിൻവലിച്ചു. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ നടപടിയെ ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വിഷയം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഹർജി പിൻവലിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് നേതാക്കളുടെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ അനുമതി തേടി.
ജന്തർമന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമാധാന ലംഘനം ആരോപിച്ചാണ് ഇരുവർക്കുമെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ജാമ്യത്തിനായി ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോടതി കസ്റ്റഡി നീട്ടുകയായിരുന്നു. ഇതേത്തുടർന്ന് കസ്റ്റഡി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ കീഴ്ക്കോടതി നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് നിയമനടപടികളിലേക്ക് നീങ്ങാനാണ് ഹർജിക്കാരുടെ തീരുമാനം. ജയിൽ മോചനത്തിനായുള്ള പുതിയ ജാമ്യവ്യവസ്ഥകളും രേഖകളും പരിശോധിക്കുന്നത് നിലവിൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

