ന്യൂഡൽഹി: 2029 ഡിസംബർ 31-ഓടെ ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്ത രാജ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ സംഘടിപ്പിച്ച ‘പോലീസ് അനുസ്മരണ ദിന’ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക സമയപരിധി വ്യക്തമാക്കിയത്. യുവതലമുറയുടെ ഭാവിയെ സംരക്ഷിക്കുന്നതിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഹരിമാഫിയകൾ നൽകുന്ന സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിനുമായി എല്ലാ പോലീസ് സേനകളും യോജിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി പോലീസ് റൈഡർമാർ നയിക്കുന്ന പ്രത്യേക ബൈക്ക് റാലിയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ മാത്രം അന്വേഷണം ഒതുക്കാതെ, അതിന് പിന്നിലെ വിതരണ ശൃംഖലകളും സാമ്പത്തിക സാമ്രാജ്യങ്ങളും വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്വേഷണ ഏജൻസികൾ യോജിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. മയക്കുമരുന്ന് സംഘങ്ങളുടെ അനധികൃത ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്തും ഡാർക്ക് നെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും കർശനമായി തടയാൻ പ്രത്യേക ശ്രദ്ധ പുലർത്തും. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും, സുരക്ഷാ ഏജൻസികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ 2029-ഓടെ ലക്ഷ്യം കൈവരിക്കാനാകുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

