മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ) നേരെ സൈബർ ആക്രമണം. സുരക്ഷാ വീഴ്ചയെത്തുടർന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ഒക്ടോബർ 16-ന് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ), ഡിഫൻസ് സൈബർ ഏജൻസി എന്നിവരിൽ നിന്ന് ലഭിച്ച സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
ഉപഭോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസങ്ങൾ, താമസസ്ഥലത്തെ വിലാസം, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ചോർന്ന വിവരങ്ങളിലുള്ളത്. ഡാർക്ക് വെബിൽ ലഭ്യമായ മൂന്നര ലക്ഷത്തോളം രേഖകൾ പരിശോധിച്ചപ്പോഴാണ് ഈ 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വ്യക്തമായത്. ‘സിറിയസ് ഇം’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഹാക്കർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
അതേസമയം, സംഭവത്തിൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സാമ്പത്തിക ഇടപാടുകളെയോ ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും എസ്.ബി.ഐ ഉറപ്പുനൽകി. വീഴ്ചയെക്കുറിച്ച് സമഗ്രമായി പഠിക്കാനും സുരക്ഷ ശക്തമാക്കാനുമായി ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ലംഘനം ഉണ്ടായ സാഹചര്യം ഉടൻതന്നെ പരിഹരിച്ചതായും ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുമെന്നും ഓഹരി വിപണിയെ അറിയിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.

