മെൽബൺ: ജനവാസ മേഖലകളിലെ തെരുവുകളിൽ ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച വിൻധാം സിറ്റി കൗൺസിലിലെ ഇന്ത്യൻ വംശജനായ കൗൺസിലർ പ്രീത് സിങ്ങിന് നേരെ വ്യാപകമായ വംശീയ അധിക്ഷേപം. അനധികൃതമായി പാർക്ക് ചെയ്യുന്ന ട്രക്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് അദ്ദേഹം പ്രദേശവാസികളോട് അഭ്യർഥിച്ചിരുന്നു. വിൻധാം സിറ്റി കൗൺസിലിന്റെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട്, അനധികൃത പാർക്കിങ്ങിനെതിരായ കൗൺസിലിന്റെ പരിശോധനാ നീക്കത്തിൽ പങ്കാളികളാകാൻ അദ്ദേഹം സമൂഹത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വംശീയ വിദ്വേഷം നിറഞ്ഞ പ്രതികരണങ്ങളുമായി ചിലർ രംഗത്തെത്തി. ‘അവരെല്ലാം നിങ്ങളുടെ ബന്ധുക്കളാണ്’ എന്ന തരത്തിലുള്ള വംശീയ പരാമർശങ്ങൾ കമന്റുകളായി ഉയർന്നു. പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി കൗൺസിലർ മുന്നോട്ടുവെച്ച ബോധവൽക്കരണ നീക്കത്തിന് നേരെയാണ് വ്യക്തിപരവും വംശീയവുമായ അധിക്ഷേപം ഉണ്ടായത്.

