ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ചൈനീസ് കടന്നുകയറ്റം: ആശങ്കയറിയിച്ച് യു.എസ് എംബസി

കാൻബറ: ഓസ്‌ട്രേലിയയിൽ താമസിക്കുന്ന പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ചൈനയുമായി ബന്ധമുള്ള ശക്തികൾ നടത്തുന്ന അതിർത്തി കടന്നുള്ള അടിച്ചമർത്തലുകളിലും വിദേശ ഇടപെടലുകളിലും ആശങ്കയറിയിച്ച് യു.എസ് എംബസി. ഭീഷണികളിൽ നിന്നും വിദേശ ഇടപെടലുകളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കങ്ങൾക്ക് അമേരിക്ക പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലുള്ള വ്യക്തികളെ നിശ്ശബ്ദരാക്കാനും ഭയപ്പെടുത്താനും വിദേശ ഭരണകൂടങ്ങൾ പ്രവാസി ശൃംഖലകളെ ചൂഷണം ചെയ്യുന്നതായി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (എ.എഫ്.പി) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അമേരിക്കൻ എംബസിയുടെ പ്രതികരണം.

കമ്മ്യൂണിറ്റി നേതാക്കളെ സ്വാധീനിക്കാനുള്ള ലളിതമായ നീക്കങ്ങളിലൂടെയാണ് വിദേശ ഇടപെടലുകൾ ആരംഭിക്കുന്നതെന്നും, ഇവരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങാത്തവർക്കെതിരെ പിന്നീട് ഭീഷണിയും പീഡനവുമായി മാറുന്നതുമാണ് കണ്ടുവരുന്നതെന്നും എ.എഫ്.പി കമാൻഡർ മാത്യു ഗെയ്ൽ വെളിപ്പെടുത്തി. വിദേശ സർക്കാരുകൾക്ക് നിയമാനുസൃതമായ നയതന്ത്ര ബന്ധങ്ങൾ പുലർത്താമെങ്കിലും, രഹസ്യമായോ വഞ്ചനാപരമായോ ഭീഷണിപ്പെടുത്തിയോ ഓസ്‌ട്രേലിയൻ രാഷ്ട്രീയ-സാമൂഹിക പ്രക്രിയകളിൽ കൃത്രിമം കാണിക്കുന്നത് കുറ്റകരമായ വിദേശ ഇടപെടലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ ഇടപെടലുകളും ചാരപ്രവർത്തനങ്ങളും ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ അധികൃതർ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും കോടതി നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനുമായും (എ.എസ്.ഐ.ഒ) ‘ഫൈവ് ഐസ്’ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളുമായും സഹകരിച്ചാണ് എ.എഫ്.പി അന്വേഷണം നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇതിനകം ഓസ്‌ട്രേലിയൻ കോടതികളുടെ പരിഗണനയിലെത്തിയിട്ടുണ്ട്. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടുകൾ കൈമാറിയതിന് അലക്സാണ്ടർ സെർഗോ മൂന്നര വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. കുറ്റകരമായ വിദേശ ഇടപെടലിന് ഓസ്‌ട്രേലിയൻ ക്രിമിനൽ കോഡിലെ സെക്ഷൻ 92.3 പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. മുൻ ഫെഡറൽ മന്ത്രി അലൻ ടഡ്ജുമായി സ്വാധീനമുണ്ടാക്കാൻ ശ്രമിച്ച കേസിൽ സെക്ഷൻ 92.4 പ്രകാരം മെൽബണിലെ മുൻ കമ്മ്യൂണിറ്റി നേതാവ് ഡി സൻഹ് ‘സണ്ണി’ ഡ്യുയോങ്ങിനെയും തടവിന് ശിക്ഷിച്ചിരുന്നു. ഇതിനുപുറമെ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ബ്രിസ്ബേനിൽ നിന്നുള്ള ദമ്പതികളും വിചാരണ നേരിടുന്നുണ്ട്.

ഭീഷണികളോ പീഡനങ്ങളോ സാധാരണ സംഭവമായി കാണരുതെന്നും, സംശയകരമായ വിദേശ ഇടപെടലുകൾ ശ്രദ്ധയിൽപ്പെടുന്നവർ ഓസ്‌ട്രേലിയൻ നാഷണൽ സെക്യൂരിറ്റി ഹോട്ട്‌ലൈൻ (1800 123 400) മുഖേന വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *