തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് ഇനി ഇന്ത്യൻ നിർമിത ജനറിക് മരുന്നുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്നും വിദേശ കമ്പനികളുടെ മരുന്നുകൾ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ നിർമിത മരുന്നുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി നിർദേശിച്ചതും ആരോഗ്യ വിദഗ്ധർ അംഗീകരിച്ചതുമായ മരുന്നാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളാകാൻ സാധ്യതയുണ്ടെന്നും മന്ത്രി ആരോപിച്ചു.
ഇന്ത്യൻ മരുന്നുകൾ ലഭ്യമല്ലാതിരുന്ന ഘട്ടത്തിലാണ് മുൻപ് വിദേശ മരുന്നുകളെ ആശ്രയിച്ചതെന്ന് വിദഗ്ധ സമിതി ചെയർമാൻ ഡോ. വിശ്വനാഥൻ വിശദീകരിച്ചു. മരുന്നിന്റെ പാക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, സുരക്ഷയും ഫലപ്രാപ്തിയും പൂർണമായി ഉറപ്പുവരുത്തിയതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാൻ ഡോക്ടർമാർ നേരിട്ട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ചില മാധ്യമ വാർത്തകളാണ് അനാവശ്യ ഭീതി പരത്തിയതെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, 2024-ൽ ഈ മരുന്ന് വാങ്ങിയ വകയിൽ വിദേശ കമ്പനിക്ക് 50 കോടി രൂപ നൽകാനുണ്ടെന്നും വെളിപ്പെടുത്തി. വിവാദ കമ്പനിയായ നാറ്റ്കോയിൽ നിന്ന് സി.പി.എം 2023-24-ൽ ഒരു കോടി രൂപയും 2024-25-ൽ 50 ലക്ഷം രൂപയും പാർട്ടി ഫണ്ടായി കൈപ്പറ്റിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വേണ്ടാത്തവരാണ് തനിക്കെതിരെ ഒത്തുചേർന്ന് വാർത്താസമ്മേളനം നടത്തിയതെന്നും, കഴിഞ്ഞ പത്ത് വർഷത്തെ മരുന്ന് കൊള്ളയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

