മെൽബൺ: ഇന്ത്യൻ സംസ്കാരവും സംഗീതവും നൃത്തവിരുന്നും കോർത്തിണക്കി മെൽബണിലെ പ്രശസ്തമായ ഫെഡറേഷൻ സ്ക്വയർ വീണ്ടുമൊരു ദീപാവലി ആഘോഷത്തിന് വേദിയാകുന്നു. ‘സെലിബ്രേറ്റ് ഇന്ത്യ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദീപാവലി മഹോത്സവത്തിന്റെ 21-ാം വാർഷികാഘോഷം ഒക്ടോബർ 31 ശനിയാഴ്ച നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായ ഈ കുടുംബ സൗഹൃദ മേള ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.
ഇന്ത്യൻ ശാസ്ത്രീയ-നാടോടി നൃത്തങ്ങൾ, ബോളിവുഡ് പെർഫോമൻസുകൾ, ലൈവ് സംഗീതം, ഭജൻ ജാമിങ് തുടങ്ങിയവയ്ക്കൊപ്പം മുതിർന്നവരും കുട്ടികളും അണിനിരക്കുന്ന പരമ്പരാഗത കലാപരിപാടികളും വേദിയിൽ അരങ്ങേറും. മെൽബണിന്റെ ബഹുസ്വര സംസ്കാരം പ്രതിഫലിപ്പിക്കുന്നതിനായി നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സഹകരണത്തോടെയുള്ള സംഗീത-നൃത്ത പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
യോഗ, മെഡിറ്റേഷൻ, ബോളിവുഡ് ഡാൻസ് വർക്ക്ഷോപ്പുകൾ, കുട്ടികൾക്കായി ഫെയ്സ് പെയിന്റിംഗ്, മാജിക് ഷോ, ക്രാഫ്റ്റ് ആക്ടിവിറ്റികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധ ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകൾ, പരമ്പരാഗത വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയുടെ വിപുലമായ വിപണന മേളയും ഫെഡറേഷൻ സ്ക്വയറിൽ സജ്ജീകരിക്കും. യാര നദിക്കരയിൽ നടക്കുന്ന വർണ്ണാഭമായ വെടിക്കെട്ടോടെയും (ആകാശവിസ്മയം), മെൽബണിലെ പ്രധാന ചരിത്രസ്മാരകങ്ങൾ പിങ്ക്-പർപ്പിൾ നിറങ്ങളിൽ പ്രകാശിപ്പിച്ചുകൊണ്ടുമാകും ദീപാവലി ആഘോഷങ്ങൾ സമാപിക്കുക.

