ശബരിമല തീർഥാടനം; വണ്ടിപ്പെരിയാറിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

ഇടുക്കി: ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്കായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്ന വാളാർഡിയിലടക്കം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. തീർഥാടന കാലത്തെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർഥാടകർക്ക് ബുക്കിങ് സുഗമമാക്കുന്നതിനായി മേഖലയിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തും. ആരോഗ്യ സേവനങ്ങൾക്കായി വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. ഓൺലൈൻ ബുക്കിങ് കേന്ദ്രമായ വാളാർഡിയിൽ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കൂടുതൽ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കും. പരമ്പരാഗത കാനനപാതയായ സത്രത്തിൽ മുൻവർഷങ്ങളിലേതുപോലെ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം മിനി കെ. ജോൺ, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, ജില്ലാ പഞ്ചായത്ത് അംഗം മണിമേഖലാ മുനിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *