കുറുമണ്ണ്: രാമപുരം ഉപജില്ലാ സ്കൂൾ ഗെയിംസ് കായികമേളയിൽ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മികച്ച നേട്ടങ്ങളും സ്വന്തമാക്കി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ. യോഗാ ചാമ്പ്യൻഷിപ്പിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഷട്ടിൽ ബാഡ്മിന്റണിൽ ജൂനിയർ പെൺകുട്ടികൾ, സബ് ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ടീം ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ ആൺകുട്ടികൾ എന്നിവർ രണ്ടാം സ്ഥാനവും നേടി.
വോളിബോളിൽ ജൂനിയർ ആൺകുട്ടികളും സബ് ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സബ് ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനം നേടി. ഫുട്ബോളിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ മൂന്നാം സ്ഥാനവും ചെസ്സ് മത്സരങ്ങളിൽ മികച്ച വിജയങ്ങളും സ്കൂളിലെ വിദ്യാർഥികൾ കൈവരിച്ചു.
മിലിയ ജോൺസൺ (ഫുട്ബോൾ), ഐൻ റോസ് നിഥിൻ (വോളിബോൾ), ഗൗരിചന്ദ്ര മജു (യോഗ), ജൂലിയറ്റ് റോസ് അൽജോ (യോഗ) എന്നിവർ മികച്ച പ്രകടനത്തിലൂടെ സംസ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടി. വിജയികളായ കായിക പ്രതിഭകൾക്ക് സ്കൂൾ മാനേജർ റവ. ഫാ. തോമസ് മണിയൻചിറ മെഡലുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സുബി തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ്, സീനിയർ അസിസ്റ്റന്റ് ബിനു എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം, ഷെറിൻ സാജൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

