അടിമാലി ഉപജില്ലാ ശാസ്ത്രോത്സവത്തിന് കൂമ്പൻപാറയിൽ തുടക്കമായി; 3400-ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു

അടിമാലി: അടിമാലി ഉപജില്ലാ ശാസ്ത്രോത്സവത്തിന് കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം. ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി മൂവായിരത്തി നാനൂറോളം വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ പിടിഎ പ്രസിഡന്റ് എ.പി. മനോജ് പതാക ഉയർത്തിയതോടെയാണ് മേളയുടെ ഔദ്യോഗിക നടപടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സി.എം.സി കാർമ്മൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പ്രദീപ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആനിയമ്മ ജോർജ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുളസി ഭായ് കൃഷ്ണൻ, വാർഡ് മെമ്പർ കുഞ്ഞമ്മ ചെറിയാൻ, എച്ച്.എം ഫോറം സെക്രട്ടറി ആസാദ് എ.എസ്, എംപിടിഎ പ്രസിഡന്റ് ലിജ ജോയിസൺ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെറ്റ്സി ടോം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ വേദികളിലായി ശാസ്ത്ര പ്രതിഭകളുടെ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *