എഐ സ്വാധീനത്തിൽ കുട്ടികൾ തീവ്രവാദത്തിലേക്ക്; യുവജന കുറ്റകൃത്യങ്ങളുടെ സുനാമി മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്

കാൻബറ: കൃത്രിമബുദ്ധിയുടെ വ്യാപനം കുട്ടികളെയും കൗമാരക്കാരെയും ഓൺലൈൻ വഴി തീവ്രവാദത്തിലേക്കും അക്രമത്തിലേക്കും ആകർഷിക്കുന്ന പ്രക്രിയയുടെ വേഗത അപകടകരമാംവിധം വർധിപ്പിച്ചതായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ (എഎഫ്‌പി) മുന്നറിയിപ്പ്. മുൻപ് മാസങ്ങളോ വർഷങ്ങളോ എടുത്തിരുന്ന തീവ്രവാദവൽക്കരണം ഇപ്പോൾ വെറും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിലാണ് സംഭവിക്കുന്നതെന്നും, രാജ്യം വൻതോതിലുള്ള ‘യുവജന കുറ്റകൃത്യങ്ങളുടെ സുനാമി’ നേരിടേണ്ടി വരുമെന്നും പാർലമെന്ററി സമിതിക്ക് മുൻപാകെ എഎഫ്‌പി ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണർ സാന്ദ്ര ബൂത്ത് വ്യക്തമാക്കി.

ഇന്റർനെറ്റിലെ അരാജകവാദ സ്വഭാവമുള്ള രഹസ്യ ഗ്രൂപ്പുകളായ ‘ദി കോം’ (The Com), ‘764’ തുടങ്ങിയ ശൃംഖലകളുടെ അപകടകരമായ പ്രവർത്തനങ്ങളെക്കുറിച്ച് സാന്ദ്ര ബൂത്ത് പ്രത്യേക മുന്നറിയിപ്പ് നൽകി. കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ (ബ്ലാക്ക്‌മെയിലിങ്), ലൈംഗിക ചൂഷണം, ക്രൂരമായ അക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ ഇരകളെ കൈപ്പിടിയിലൊതുക്കി ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന രീതിയാണ് ഇത്തരം ഓൺലൈൻ കൂട്ടായ്മകൾ പ്രയോഗിക്കുന്നത്. കുട്ടികളുടെ മാനസിക ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് അവരെ പരസ്പരം ഉപദ്രവിക്കാനും വൻതോതിലുള്ള നിയമലംഘനങ്ങൾ നടത്താനും ഇത്തരം സംഘങ്ങൾ നിർബന്ധിക്കുന്നു.

2020 മുതൽ 12 വയസ്സുള്ള കുട്ടികൾ അടക്കം 65-ഓളം പ്രായപൂർത്തിയാകാത്തവർ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ പോലീസിന്റെ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടെന്നും, ഇതിൽ 35 പേർക്കെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പാർലമെന്ററി അന്വേഷണത്തിൽ വ്യക്തമായി. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം അപകടകരമായ ശൃംഖലകൾക്കെതിരെ രക്ഷിതാക്കളും അധികൃതരും അതീവ ജാഗ്രത പുലർത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *