ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം തുടരുന്നതായി റിപ്പോർട്ട്. തക്സിങ്ങിനു സമീപമുള്ള ആസാഫിലയിൽ ചൈനീസ് സൈന്യം യഥാർഥ നിയന്ത്രണരേഖയുടെ (എൽഎസി) ഇന്ത്യ അവകാശപ്പെടുന്ന പരിധിക്കുള്ളിൽ കടന്ന് ടെന്റുകൾ സ്ഥാപിച്ചതായാണ് ദേശീയ മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഇന്ത്യയോ ചൈനയോ ഔദ്യോഗികമായി വിശദമായ സ്ഥിരീകരണം നൽകിയിട്ടില്ല.
ജൂലൈ അവസാനവാരം മാജ കമ്പനി ഓപ്പറേറ്റിങ് ബേസിനു സമീപം ഇന്ത്യൻ സൈന്യം പതിവ് പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുമായി മുഖാമുഖമെത്തിയതായാണ് റിപ്പോർട്ട്. തുടർന്നുണ്ടായ ചെറിയ സംഘർഷത്തിനുശേഷം ഇരുവിഭാഗങ്ങളും പിന്മാറിയെങ്കിലും ദിവസങ്ങൾക്കുശേഷം കൂടുതൽ സൈനികരുമായി തിരിച്ചെത്തിയ ചൈനീസ് സൈന്യം ഇന്ത്യയുടെ എൽഎസി സങ്കൽപ്പപരിധിക്കുള്ളിൽ ആറു മുതൽ ഏഴു കിലോമീറ്റർ വരെ അകലെ ടെന്റുകൾ സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ–ചൈന അതിർത്തിയിൽ ഇടയ്ക്കിടെ സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് സൈന്യം പതിവ് പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുമ്പോൾ അതിർത്തിയിൽ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ടെന്നും ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടെന്റുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവത്തിന്റെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയത്തോടാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചതായും ആവശ്യമായി വന്നാൽ ഘാതക് സേനയെ സംഘർഷമേഖലയിൽ വിന്യസിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

