പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെയും ഫ്രാൻസിൽ ശനിയാഴ്ച വീണ്ടും പ്രതിഷേധങ്ങൾ നടക്കാനിരിക്കെ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞയാഴ്ചയുണ്ടായ അക്രമങ്ങളും കൊള്ളയും ആവർത്തിക്കാതിരിക്കാനായി 70,000 പോലീസുകാരെയും ജൻഡർമുകളെയും വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ലോറൻ നുനെസ് അറിയിച്ചു.
ഒക്ടോബർ 17ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കടകൾ കൊള്ളയടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും പോലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങളായി ആരംഭിച്ച പ്രക്ഷോഭം പിന്നീട് ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ ജനരോഷമായും വ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യക്കുറവ്, പൊതുസേവനങ്ങളിലെ പ്രതിസന്ധി, ഇന്ധനവില വർധന തുടങ്ങിയ വിഷയങ്ങളും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
അക്രമസാധ്യത കണക്കിലെടുത്ത് പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലിയോൺ, നീസ്, മോണ്ട്പെലിയർ തുടങ്ങിയ നഗരങ്ങളിൽ ചില പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ പാരിസിൽ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള മാർച്ചിന് നിശ്ചിത പാതയിലൂടെ അനുമതി നൽകി. വിദ്യാർഥി സംഘടനകളുടെയും യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെയും ചില പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കികൾ, പ്രത്യേക പരിശീലനം ലഭിച്ച സുരക്ഷാസേനകൾ എന്നിവയെയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉപയോഗിക്കും. അക്രമത്തിനും കൊള്ളയ്ക്കും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. അക്രമപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ ആശങ്കയെ തുടർന്ന് പാരിസിലെ ലൂവ്ര് ഉൾപ്പെടെയുള്ള പ്രധാന മ്യൂസിയങ്ങൾ ശനിയാഴ്ച അടച്ചിടും. ആർട്ട് ബാസൽ പാരിസ് കലാമേളയുടെ വാരാന്ത്യ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടയിലെ നിയന്ത്രണങ്ങൾ പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബാധിക്കുന്നുവെന്ന് വിദ്യാർഥി സംഘടനകൾ വിമർശിച്ചു.
അതേസമയം, ഫ്രാൻസിലുള്ള ഇന്ത്യൻ പൗരന്മാരും രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് പാരിസിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളും വലിയ ജനക്കൂട്ടങ്ങളും ഒഴിവാക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു.

