പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; രണ്ട് അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ചെയർമാന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പിഎസ്‌സി അംഗങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കമ്മിഷൻ അംഗങ്ങളായ ഡോ. എസ്. ശ്രീകുമാർ, എസ്.എ. സെയ്ഫ് എന്നിവരാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തത്. നാളെയും മറ്റ് രണ്ട് പിഎസ്‌സി അംഗങ്ങളോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന നിലപാടിലായിരുന്ന പിഎസ്‌സി, അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ചെയർമാന് വീണ്ടും നോട്ടീസ് നൽകിയത്.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിൽ ഇപ്പോൾ ഉടനടി നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചു. വിഷയത്തിൽ രാഷ്ട്രപതിയുടെ നിലപാട് വ്യക്തമായതിനു ശേഷം മാത്രം തുടർചർച്ചകൾ മതിയെന്നാണ് കമ്മിഷന്റെ തീരുമാനം. ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശയുടെ ഔദ്യോഗിക പകർപ്പോ അനുബന്ധ രേഖകളോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി.

അതിനിടെ, ഗവർണർ വിളിപ്പിച്ചപ്പോൾ രാജ്ഭവനിൽ പോയതുമായി ബന്ധപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. എന്നാൽ ഭരണഘടനാ മേധാവിയായ ഗവർണർ ആവശ്യപ്പെട്ടാൽ പോകാതിരിക്കാൻ കഴിയില്ലെന്ന് സെക്രട്ടറി മറുപടി നൽകി. ചെയർമാന്റെ പ്രവർത്തന ശൈലിക്കെതിരെയും കമ്മിഷനിലെ ഒരു വിഭാഗം വിമർശനം ഉന്നയിച്ചതായാണ് വിവരം.

പിഎസ്‌സിക്കെതിരെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) മാത്രം വിഷയത്തിൽ 180 പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദവും കർശനവുമായ അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി സഭയിൽ രേഖാമൂലം വ്യക്തമാക്കി. അതേസമയം, പിഎസ്‌സി അംഗങ്ങളുടെ നിയമന രീതിയിൽ മാറ്റം വരുത്തുന്നതോ, അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോ, അവരുടെ ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നതോ നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *