ഹണിട്രാപ്പിൽ കുടുങ്ങി സൈനിക രഹസ്യങ്ങൾ ചോർത്തി; തമിഴ്‌നാട്ടിൽ മുൻ ആർമി ക്യാപ്റ്റൻ അറസ്റ്റിൽ!

വെല്ലൂർ: അതീവ രഹസ്യ സ്വഭാവമുള്ള തന്ത്രപ്രധാന സൈനിക വിവരങ്ങൾ വാട്സാപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് ചോർത്തി നൽകിയ കേസിൽ വിരമിച്ച ഇന്ത്യൻ ആർമി ക്യാപ്റ്റനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കണിയാമ്പാടിക്ക് സമീപം കീഴ് വല്ലം ഗ്രാമത്തിൽ താമസിക്കുന്ന ബാബു പി. (52) ആണ് വെല്ലൂരിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്. സൈനിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങളാണ് ഇയാൾ കൈമാറിയത്. അതേസമയം, വിവരങ്ങൾ കൈക്കലാക്കിയ അജ്ഞാതയായ സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല; ഇവർക്കായുള്ള ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) പ്രൊജക്ടിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയെന്ന വ്യാജേന ഒരു വർഷം മുൻപാണ് യുവതി ബാബുവുമായി വാട്സാപ്പിലൂടെ ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഈ ബന്ധം വീഡിയോ കോളുകൾ അടക്കമുള്ള വ്യക്തിപരമായ തലത്തിലേക്ക് വളർന്നു. ഡിആർഡിഒ പ്രൊജക്ടിന്റെ ആവശ്യത്തിനെന്ന വ്യാജേന ഇവർ അതീവ പ്രാധാന്യമുള്ള സൈനിക വിവരങ്ങൾ ബാബുവിനോട് ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന വിവരങ്ങൾക്ക് പുറമെ, സേനയിലെ മുൻ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് ശേഖരിച്ച വിവരങ്ങളും ബാബു ഇവർക്ക് കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിലെ മിലിട്ടറി എക്യുപ്‌മെന്റ്, ആർട്ടിലറി വിംഗുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 28 വർഷം സേവനമനുഷ്ഠിച്ച ബാബു 2025-ലാണ് ക്യാപ്റ്റൻ പദവിയിൽ വിരമിച്ചത്. തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ രണ്ട് ദിവസം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രാദേശിക പൊലീസിന് കൈമാറിയത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 52, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് 1923-ലെ സെക്ഷൻ 3(1)(c), 5(1)(a) തുടങ്ങിയ അതീവ കർശനമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *