കല്ലൂർക്കാട് വില്ലേജ് ഓഫീസ് ഇനി പുതിയ മേൽവിലാസത്തിൽ; പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സ് സ്മാർട്ട് ഓഫീസാകും

കല്ലൂർക്കാട്: കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കല്ലൂർക്കാട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം, വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന വില്ലേജ് ഓഫീസർ ക്വാർട്ടേഴ്സിലേക്ക് മാറ്റാൻ തീരുമാനം. അടിയന്തര നടപടികളുടെ ഭാഗമായി കെട്ടിടം നവീകരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തും. ഇതിന്റെ മുന്നോടിയായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) കെ. മനോജ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുസംബന്ധിച്ച വിശദമായ പരിശോധനാ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.

മൂവാറ്റുപുഴ-തേനി പാതയോരത്ത് പഞ്ചായത്ത് ഓഫീസിന് സമീപം 1969-ൽ നിർമിച്ച നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന് 57 വർഷത്തെ പഴക്കമുണ്ട്. പ്രമുഖ കാർഷിക മേഖലയായ കല്ലൂർക്കാട്ട് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ സേവനങ്ങൾക്കായി എത്തുന്നത്. എന്നാൽ, മേൽക്കൂര ചോർന്നൊലിക്കുകയും ഭിത്തികൾ തകരുകയും ചെയ്തതോടെ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ് ഈ ജീർണിച്ച കെട്ടിടം. കടുത്ത ആശങ്കയോടെയാണ് ജീവനക്കാരും നാട്ടുകാരും ഇവിടേക്ക് എത്തിയിരുന്നത്.

കെട്ടിടത്തിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി കല്ലൂർക്കാട് സ്വദേശിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ജില്ലാ കളക്ടറെ നേരിട്ട് കണ്ടതോടെയാണ് മാറ്റത്തിന് വഴിയൊരുങ്ങിയത്. 2016-ൽ പണികഴിപ്പിച്ച ശേഷം ഉപയോഗശൂന്യമായി കിടന്നിരുന്ന ക്വാർട്ടേഴ്സിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റാമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെക്കുകയായിരുന്നു. ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തി ഈ കോൺക്രീറ്റ് കെട്ടിടം ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസാക്കി മാറ്റും.

അതേസമയം, അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ നാട്ടുകാരുടെ ദീർഘകാല ആവശ്യമായ ‘മിനി സിവിൽ സ്റ്റേഷൻ’ സ്ഥാപിക്കണമെന്ന ആവശ്യവും സജീവമാണ്. നിലവിൽ വിവിധ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.

എ.ഡി.എമ്മിന്റെ പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നീതു ജോസഫ്, ജനപ്രതിനിധികളായ റാണി സിജോ, റെജീന ജോബി, പ്രൊഫ. ജോസ് അഗസ്റ്റിൻ, സൂസമ്മ പോൾ, ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് നെടുങ്കല്ലൽ, ബിജു ജോസഫ്, ബൈജി ആത്രശ്ശേരി, ജോർജ് ഫ്രാൻസിസ് തെക്കേക്കര, അനിൽ പുത്തൻപുര, വിജയൻ മരുതൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *