തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ, പിഞ്ചുകുഞ്ഞിനെ ഡ്രൈവിങ് സീറ്റിൽ മടിയിലിരുത്തി അമിതവേഗതയിൽ കാറോടിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് അത്യന്തം അപകടകരമായ രീതിയിലുള്ള യാത്ര അരങ്ങേറിയത്. മൂന്നോ നാലോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ കൈകളിൽ കാറിന്റെ സ്റ്റിയറിങ് നിയന്ത്രണം വിട്ടുനൽകിയാണ് പിതാവ് വാഹനം പായിച്ചത്.
അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈഓവറിലൂടെ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലായിരുന്നു കാറിന്റെ സഞ്ചാരം. ഇതിന് സമാന്തരമായി മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളായ യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്. തങ്ങൾ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, വാഹനം പതുക്കെയാക്കാൻ കൂട്ടാക്കാതെ കാറിന്റെ വേഗത വീണ്ടും വർധിപ്പിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ആ സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ആഡംബര കാറിടിച്ച് ഒരാൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ തികയും മുൻപാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ഉത്തരവാദിത്തമില്ലായ്മ വീണ്ടും പുറത്തുവരുന്നത്. ഗുരുതരമായ ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കാത്തതിനാലാണ് സംഭവം ക്യാമറയിൽ പകർത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയവർ പ്രതികരിച്ചു. സ്വന്തം കുട്ടികളുടെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കൾ നടത്തുന്ന ഇത്തരം അഭ്യാസങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

