ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ഇന്ത്യൻ കോടതികളുടെ സഹായം തേടി യുഎസ് കോടതി. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) സ്ഥാപകൻ ഗുർപത്വന്ത് സിങ് പന്നൂൻ നൽകിയ സിവിൽ കേസിലാണ് നടപടി. ഇന്ത്യൻ കോടതികളിലൂടെ സമൻസ് കൈമാറാൻ അനുമതി നൽകിയ ന്യൂയോർക്കിലെ യുഎസ് ഫെഡറൽ കോടതി, ഇന്ത്യയുടെ സിവിൽ നടപടി നിയമത്തിലെ (Code of Civil Procedure) വ്യവസ്ഥകളാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി കാതറിൻ പോൾക് ഫെയ്ലയാണ് നവംബർ ഒൻപതിന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 13-ലെ തുടർ ഉത്തരവിലൂടെ ഡോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് ജില്ലാ കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ്ഹസാരി ജില്ലാ കോടതികളോടും സഹായം അഭ്യർഥിച്ചു. സമൻസ് കൈമാറുന്നതിനുള്ള നടപടികളുടെ രേഖ യുഎസ് കോടതിക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ നിയമത്തിലെ സിവിൽ നടപടി ചട്ടത്തിലെ 29(സി) വകുപ്പും അഞ്ചാം ഉത്തരവിലെ 21-ാം ചട്ടവുമാണ് യുഎസ് കോടതി പ്രധാനമായും ആശ്രയിച്ചത്. വിദേശരാജ്യങ്ങളിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന സമൻസുകൾ ഇന്ത്യയിലെ ബന്ധപ്പെട്ട കോടതികൾക്ക് കൈമാറി അവിടുത്തെ നടപടിക്രമങ്ങൾ അനുസരിച്ച് നടപ്പാക്കാൻ ഈ വ്യവസ്ഥകൾ വഴിയൊരുക്കുന്നു. 2009 ജനുവരി 13-ലെ കേന്ദ്രസർക്കാർ വിജ്ഞാപനവും കോടതി പരാമർശിച്ചു. ഹേഗ് കൺവെൻഷനിൽ അംഗങ്ങളായ രാജ്യങ്ങളിലെ കോടതികൾക്ക് ഈ സംവിധാനം ബാധകമാക്കിയതാണ് വിജ്ഞാപനം.
പന്നൂൻ നേരത്തേ സമൻസ് കൈമാറുന്നതിനായി ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയത്തെ സമീപിച്ചിരുന്നെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല. ഹേഗ് കൺവെൻഷനിലെ അഞ്ചാം അനുച്ഛേദപ്രകാരമുള്ള ഔദ്യോഗിക മാർഗത്തിലൂടെ സമൻസ് കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ബദൽ മാർഗം തേടി യുഎസ് കോടതിയെ സമീപിച്ചത്. ഡോവലിന് യുഎസിലെ ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ നേരിട്ട് സമൻസ് കൈമാറാൻ മൂന്നുതവണ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായും പന്നൂൻ കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ പന്നൂൻ ഉന്നയിച്ചിരിക്കുന്നത് വധശ്രമ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണമാണ്. ന്യൂയോർക്കിലെ സ്വന്തം വസതിയിൽവച്ച് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളാണ് ഇതിന് കാരണമെന്നും പന്നൂൻ ആരോപിക്കുന്നു. 2024-ലാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യൻ സർക്കാർ, അജിത് ഡോവൽ, സമന്ത് ഗോയൽ, മുൻ റോ ഉദ്യോഗസ്ഥൻ വികാഷ് യാദവ്, നിഖിൽ ഗുപ്ത എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
അതേസമയം, യുഎസ് കോടതിയുടെ നടപടിയെ ഇന്ത്യ ശക്തമായി തള്ളി. പന്നൂൻ നൽകിയ കേസ് അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നവംബർ 20-ന് വ്യക്തമാക്കി. ഇന്ത്യയിൽ വിദേശരാജ്യങ്ങളുടെ ജുഡീഷ്യൽ രേഖകൾ കൈമാറുന്നതിനുള്ള ഔദ്യോഗിക മാർഗം നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര അതോറിറ്റി വഴിയാണെന്ന മുൻ നിലപാടും ഇന്ത്യ ആവർത്തിച്ചിട്ടുണ്ട്.
സമൻസ് കൈമാറുന്നതിനുള്ള നടപടിക്രമവുമായി ബന്ധപ്പെട്ടതാണ് യുഎസ് കോടതിയുടെ ഉത്തരവ്. കേസിലെ ആരോപണങ്ങൾ ശരിയാണെന്നോ ഡോവലും ഗോയലും കുറ്റക്കാരാണെന്നോ കോടതി ഇതിലൂടെ കണ്ടെത്തിയിട്ടില്ല. കേസിന്റെ നിയമപരമായ തുടർനടപടികൾക്കുള്ള ഒരു ഘട്ടം മാത്രമാണിത്.

