മസ്കറ്റ്: ഒമാനിലെ സിനാവിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശിനി അലാന മറിയയുടെ (14) ഭൗതികദേഹം നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. അരീക്കോട് തോട്ടത്തിൽ വീട്ടിൽ സിജു മാനുവൽ – മോളി സിജു ദമ്പതികളുടെ മകളാണ് അലാന.
എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ ഇന്ന് രാവിലെ 11.30-ന് മൃതദേഹത്തിന്റെ എംബാമിങ് നടപടികളും അനുബന്ധ പ്രാർത്ഥനാ ചടങ്ങുകളും നടക്കും. മസ്കറ്റ് കെ.എം.സി.സി പ്രവർത്തകരുടെ ഏകോപനത്തിൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പതിനാലാം വയസ്സിൽ അലാനയെ തേടിയെത്തിയ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം പ്രവാസി മലയാളി സമൂഹത്തിനും കനത്ത നോവായി മാറി.

