തേനിയിൽ പോലീസുകാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, കേരള അതിർത്തികളിൽ അതീവ ജാഗ്രത

കുമളി: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ സുരക്ഷാ ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. ഇതിൽ ഒരാളെ ജയിലിന് സമീപത്തെ വനമേഖലയിൽനിന്ന് പോലീസ് പിടികൂടി. രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിൽ വൻ തിരച്ചിൽ ആരംഭിച്ചു. പ്രതികൾ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അതിർത്തി മേഖലകളിൽ പോലീസ് വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഒരു സെല്ലിൽ പാർപ്പിച്ചിരുന്ന 17 പ്രതികളാണ് ഒത്തുചേർന്ന് രക്ഷപ്പെടാൻ പദ്ധതിയിട്ടത്. തടവുകാരിൽ ഒരാൾക്ക് അസുഖമാണെന്ന് അറിയിച്ചതിനെ തുടർന്ന് സെല്ലിനുള്ളിലേക്ക് കയറിയ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കപാണ്ടി എന്ന പോലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗം പേരും വിഴുപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും സമീപത്തെ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിട്ടുണ്ട്.

രക്ഷപ്പെട്ട തടവുകാർക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ടെന്ന് തമിഴ്നാട് സൗത്ത് സോൺ ഐ.ജി വിജയേന്ദ്ര ബിദാരി വ്യക്തമാക്കി. പ്രതികളെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള വർഷനാട് വനമേഖല കേന്ദ്രീകരിച്ചും അതിർത്തി ചെക്ക് പോസ്റ്റുകളിലും വ്യാപക പരിശോധന തുടരുകയാണെന്നും പ്രതികളെ ഉടൻ വലയിലാക്കുമെന്നും ഐ.ജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *