കൂൺഗ്രാമം പദ്ധതിയും കുടുംബശ്രീയും തുണയായി; കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് സുരഭി

പാലക്കാട്: സർക്കാർ നടപ്പിലാക്കിയ കൂൺഗ്രാമം പദ്ധതിയുടെയും കുടുംബശ്രീയുടെയും കൈത്താങ്ങിൽ കൂൺകൃഷിയിലൂടെ വിജയഗാഥ തീർക്കുകയാണ് വനിതാ സംരംഭകയായ സുരഭി. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ ചുണ്ടമ്പറ്റ സ്വദേശിയായ ഇവർ ‘വിക്ടറി’ എന്ന പേരിൽ രണ്ട് കൂൺ ഫാമുകളാണ് വിജയകരമായി നടത്തിവരുന്നത്.

സംസ്ഥാനത്ത് കൂൺ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷിവികാസ് യോജന എന്നിവ സംയുക്തമായാണ് കൂൺഗ്രാമം സമഗ്ര പദ്ധതി നടപ്പാക്കുന്നത്. വീട്ടമ്മമാർക്കും തൊഴിൽരഹിതരായ യുവാക്കൾക്കും സുസ്ഥിര ഉപജീവനമാർഗം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വൻകിട യൂണിറ്റ്, ചെറുകിട യൂണിറ്റ്, പാക്കിങ് ഏരിയ എന്നിങ്ങനെ തരംതിരിച്ച് സുരഭിയുടെ ഫാം നിർമാണത്തിന് രണ്ട് ലക്ഷം രൂപയും പാക്കിങ് യൂണിറ്റിനായി ഒരു ലക്ഷം രൂപയും സാമ്പത്തിക സഹായമായി ലഭിച്ചു.

വികാസ് കുടുംബശ്രീ യൂണിറ്റ് അംഗമായ സുരഭി കഴിഞ്ഞ അഞ്ച് വർഷമായി ഈ മേഖലയിൽ സജീവമാണ്. കൃഷിക്കാവശ്യമായ എല്ലാവിധ പിന്തുണയും കുടുംബശ്രീ വഴി ലഭ്യമാകുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു. കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന് സുരഭിയും കുടുംബവും മൂന്ന് ദിവസത്തെ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയിരുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ചിപ്പിക്കൂണാണ് ഫാമിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു ബെഡിൽ നിന്ന് 700 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വിളവെടുക്കാൻ സാധിക്കുന്നുണ്ട്. കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് വിപണനം. പച്ചക്കൂണിന് പുറമെ കൂൺ അച്ചാർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഫാമിൽ തയ്യാറാക്കുന്നുണ്ട്. കുടുംബശ്രീയുടെ വിപണന മേളകൾ വഴി ഇത്തരം മൂല്യവർധിത ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക.

Leave a Reply

Your email address will not be published. Required fields are marked *