സിഡ്നി: കിഴക്കൻ, തെക്കുകിഴക്കൻ ഓസ്ട്രേലിയൻ തീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനെ തുടർന്ന് പ്രധാന നഗരങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തണുത്ത കാറ്റും ചൂടുള്ള അന്തരീക്ഷ വായുവും കൂട്ടിമുട്ടുന്നതോടെ മെൽബണിലും കിഴക്കൻ വിക്ടോറിയയിലും കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയോടെ ശക്തിപ്രാപിക്കുന്ന കൊടുങ്കാറ്റ് കിഴക്കൻ മേഖലകളായ കാൻബറ, ന്യൂ സൗത്ത് വെയിൽസിന്റെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ഞായറാഴ്ചയോടെ ക്വീൻസ്ലാൻഡിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്തുകയും ചെയ്യും. മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും പെട്ടെന്നുള്ള മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇത് വൻമരങ്ങൾ കടപുഴകി വീഴുന്നതിനും വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമായേക്കാം.
മെൽബൺ, ഗിപ്സ്ലാൻഡ്, വിക്ടോറിയയുടെ വടക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ട സാധ്യത നിലനിൽക്കുന്നത്. വിക്ടോറിയയിലും തെക്കൻ എൻ.എസ്.ഡബ്ല്യു മലയോര മേഖലകളിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തുടർന്ന് ഞായറാഴ്ചയോടെ മഴയും കാറ്റും ബ്രിസ്ബേൻ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലേക്ക് മാറുമെന്നാണ് കണക്കുകൂട്ടൽ. വോളോങ്കോങ്, ഇല്ലവാര, ഹണ്ടർ മേഖല തുടങ്ങിയ തീരദേശങ്ങളിലും വലിപ്പമേറിയ ആലിപ്പഴ വീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

