പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ കൗമാരക്കാർ സംഘടിപ്പിച്ച ഹാലോവീൻ പാർട്ടി വൻ സംഘർഷത്തിലും അക്രമത്തിലും കലാശിച്ചു. പാർട്ടി നിയന്ത്രണാതീതമായതിനെ തുടർന്ന് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് 15 വയസ്സുകാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തു. ഹൈ വൈകോംബിലെ ലീത്ത് പ്ലേസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
നൂറിലധികം കൗമാരക്കാർ വേഷവിധാനങ്ങളോടെ പങ്കെടുത്ത പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാത്ത അപരിചിതർ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് നടന്ന സംഘർഷത്തിനിടയിൽ പാർട്ടിയുടെ ആതിഥേയനായ 17-കാരൻ ട്രിസ്റ്റ്യൻ വിൽസന്റെ അമ്മയുടെ മുഖത്ത് മർദ്ദനമേറ്റു. രാത്രി 9:45-ഓടെ വലിയ ബഹളവും തമ്മിലടിയും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിൻപ്രകാരം പൊലീസ് സ്ഥലത്തെത്തി.
മദ്യലഹരിയിലായിരുന്ന കൗമാരക്കാർ റോഡിലിറങ്ങി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് 15-കാരിയെ അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം നടത്തിയതിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ചുമത്തിയ കേസുകളിൽ ശനിയാഴ്ച ഇവർക്ക് ജാമ്യം അനുവദിച്ചു.
പൊലീസ് ഇടപെട്ട് അർദ്ധരാത്രിയോടെ ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. പെർത്തിന് പുറമെ സിഡ്നിയിലും മെൽബണിലും വെള്ളിയാഴ്ച രാത്രി സംഘടിപ്പിച്ച വിവിധ ഹാലോവീൻ പാർട്ടികളും സംഘർഷത്തിലാണ് അവസാനിച്ചത്.

