ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ ചുഴലിക്കാറ്റ്; യാസ് നഗരത്തിൽ വ്യാപക നാശനഷ്ടം, കിഴക്കൻ തീരങ്ങളിൽ തീവ്ര കാലാവസ്ഥാ മുന്നറിയിപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഗ്രാമീണ മേഖലകളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ (ടൊർണാഡോ) വ്യാപക നാശനഷ്ടം. കാൻബറയ്ക്ക് വടക്കുള്ള സതേൺ ടേബിൾലാൻഡ്‌സ് മേഖലയിൽ ഉൾപ്പെടുന്ന യാസ് , ഗോൾബേൺ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. അടിയന്തര സാഹചര്യത്തെ തുടർന്ന് പ്രദേശവാസികൾ വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച വൈകുന്നേരം 4:30-ഓടെയാണ് മേഖലയിൽ ‘വാച്ച് ആൻഡ് ആക്റ്റ്’ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഗോൾബേണിന് പടിഞ്ഞാറ് ഗണ്ണിംഗിന് വടക്കായാണ് അതിശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് റൂറൽ ഫയർ സർവീസ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിൽ ഗോൾബേൺ നഗരം വലിയ കേടുപാടുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും യാസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്.ഇ.എസും ആർ.എഫ്.എസും പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയാണ്.

ശക്തമായ കാറ്റ്, വലിപ്പമേറിയ ആലിപ്പഴ വീഴ്ച, മിന്നൽ പ്രളയം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജനലുകളിൽ നിന്ന് അകന്ന് വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും വളർത്തുമൃഗങ്ങളെയും കുട്ടികളെയും സുരക്ഷിതമായി വീടുകൾക്കുള്ളിൽ നിർത്തണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കിഴക്കൻ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ വാരാന്ത്യത്തിൽ ഉടനീളം കാലാവസ്ഥ അതീവ രൂക്ഷമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഞായറാഴ്ച ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിൽ മുതൽ ക്വീൻസ്‌ലാൻഡിലെ ജിംപി വരെയുള്ള തീരദേശങ്ങളിൽ അതിതീവ്ര കൊടുങ്കാറ്റിന് സാധ്യതയുണ്ട്. ന്യൂകാസിലിന് വടക്ക് മുതൽ ബൈറൺ ബേ വരെയുള്ള പ്രദേശങ്ങളിലാണ് കനത്ത നാശനഷ്ട സാധ്യത നിലനിൽക്കുന്നത്. ഇവിടെ മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും പേമാരിയും ഉണ്ടാകുമെന്നാണ് പ്രവചനം. പ്രദേശവാസികൾ കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *