വാഹനം തട്ടിയെടുക്കാനുള്ള ശ്രമം പാളി; മൂന്ന് മണിക്കൂർ നീണ്ട ചേസിംഗിനൊടുവിൽ വാഹനം തടഞ്ഞ് മോഷ്ടാക്കളെ കുടുക്കി പൊലീസ്

ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ മൂന്ന് മണിക്കൂറോളം നഗരത്തെ മുൾമുനയിൽ നിർത്തിയ സിനിമാറ്റിക് ചേസിംഗിനൊടുവിൽ മൂന്നംഗ കാർ മോഷണ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. ടയറുകൾ സ്പൈക്ക് സ്ട്രിപ്പ് ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ സഞ്ചരിച്ച കാർ പൊലീസ് റോഡരികിലേക്ക് ഇടിച്ചുനിർത്തി ഇവരെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:15-ഓടെ ലോഗൻ മേഖലയിൽ നിന്നാണ് കറുത്ത നിറത്തിലുള്ള ഹവാൽ (Haval) എസ്‌.യു.വി പൊലീസ് നിരീക്ഷണത്തിൽ വന്നത്. കഴിഞ്ഞ ബുധനാഴ്ച ഗുഡ്നയിലെ ഒരു കാർ വാഷ് കേന്ദ്രത്തിൽ നിന്നാണ് ഈ വാഹനം മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ലോഗൻ, ഇപ്‌സ്‌വിച്ച്, ബ്രിസ്ബേൻ എന്നിവിടങ്ങളിലൂടെ അമിതവേഗതയിൽ തെറ്റായ ദിശയിലടക്കം പാഞ്ഞ കാർ, തലനാരിഴയ്ക്കാണ് ഒരു സൈക്കിൾ യാത്രികനെ ഇടിക്കാതെ പോയത്.

രക്ഷപ്പെടുന്നതിനിടയിൽ സണ്ണിബാങ്കിലെ ഒരു വീട്ടിൽ നിന്ന് മറ്റൊരു കാർ മോഷ്ടിക്കാൻ സംഘം ശ്രമിച്ചു. തുടർന്ന് കുറാബിയിൽ വെച്ച് ഒരു സ്ത്രീയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി അവരുടെ വാഹനം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ആ വാഹനം മാനുവൽ ഗിയറിലുള്ളതാണെന്ന് മനസ്സിലായതോടെ സംഘം പരാജയപ്പെട്ടു. മാനുവൽ വാഹനം ഡ്രൈവ് ചെയ്യാൻ അറിയാത്തതിനാലാണ് മോഷ്ടാക്കൾക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.

ഒടുവിൽ വൈകുന്നേരം ആറുമണിയോടെ ബ്രിസ്ബേന്റെ പടിഞ്ഞാറൻ മേഖലയായ സെന്റ് ലൂസിയയിലെ ഗെയ്ലി റോഡിൽ വെച്ച് പൊലീസ് വാഹനം ഇവരുടെ കാറിലിടിച്ച് റോഡരികിലേക്ക് ഒതുക്കി നിർത്തി. കാറിന്റെ ടയറുകൾ പൂർണ്ണമായും തകർന്ന് റിമ്മുകൾ മാത്രമായ നിലയിലായിരുന്നു. തുടർന്ന് പ്രത്യേക അടിയന്തര ദൗത്യസംഘം എത്തി 26, 22 വയസ്സുള്ള രണ്ട് സ്ത്രീകളെയും 24-കാരനായ യുവാവിനെയും അറസ്റ്റ് ചെയ്തു.

പ്രതികളായ 26-കാരിയും 24-കാരനും നേരത്തെ പരോളിൽ കഴിഞ്ഞുവരികയായിരുന്നു. ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇവരെ അടുത്ത മാസം വീണ്ടും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *