സൈബർ സുരക്ഷയ്ക്ക് ശക്തമായ കവചമൊരുക്കി ‘ക്ലിക്ക്’ പദ്ധതി; മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ

കൊച്ചി: അതിവേഗം വളരുന്ന സൈബർ ലോകത്തെ ചതിക്കുഴികളും കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാനത്തിന് ശക്തമായ സൈബർ സുരക്ഷാ കവചം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പിലാക്കുന്ന ‘ക്ലിക്ക്’ (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലയന്റ് കേരള) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ലിക്ക് ക്യാപ്റ്റൻ പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് അരലക്ഷത്തിലധികം സൈബർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യാത്ത കേസുകൾ കൂടിയാകുമ്പോൾ സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ഭീഷണികളെ ചെറുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 250 ബിരുദ കോളേജുകളിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ ആരംഭിക്കും. മുതിർന്ന പൗരന്മാർക്കും രക്ഷിതാക്കൾക്കും സ്മാർട്ട്ഫോണുകൾ ചതിക്കുഴികളിൽപ്പെടാതെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള പരിശീലനവും പദ്ധതി വഴി നൽകും. ചടങ്ങിൽ നടൻ മമ്മൂട്ടിയെ ‘ക്ലിക്ക് ക്യാപ്റ്റനായി’ മന്ത്രി പ്രഖ്യാപിച്ചു.

ഇന്റർനെറ്റ് നല്ലതിനാണോ ദോഷത്തിനാണോ ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഉപയോക്താക്കൾ തന്നെയാണെന്ന് ക്ലിക്ക് ക്യാപ്റ്റൻ മമ്മൂട്ടി പറഞ്ഞു. ഭാവിയുടെ വലിയൊരു പങ്കും ഡിജിറ്റൽ ഇടങ്ങളിലായിരിക്കുമെന്നതിനാൽ ഇന്റർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ സൈബർ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സുരക്ഷിതമായ ഒരു ഡിജിറ്റൽ ലോകം പടുത്തുയർത്തേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

‘അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം’ എന്ന സന്ദേശമുയർത്തി സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്റ്റന്മാർ, സൈബർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നീ സംരംഭങ്ങൾക്കും ചടങ്ങിൽ തുടക്കമായി. കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സൗത്ത് സോൺ ഐ.ജി പി.പി. പ്രകാശ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *