വാർണർവേൽ: പരിശുദ്ധ പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ഓർമ്മപ്പെരുന്നാൾ വാർണർവേൽ കമ്മ്യൂണിറ്റി ഹാളിൽ ക്രമീകരിച്ച താത്കാലിക ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ഒക്ടോബർ 30, 31 (വെള്ളി, ശനി) തീയതികളിലായി നടന്ന പെരുന്നാൾ ചടങ്ങുകളിൽ നേർച്ചകളും കാഴ്ചകളുമർപ്പിച്ച് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടന്ന ഭക്തിസാന്ദ്രമായ കൊടിയേറ്റത്തോടെയാണ് പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായത്. ശനിയാഴ്ച നടന്ന പ്രധാന പെരുന്നാൾ ദിനത്തിൽ രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന നടന്നു. ശുശ്രൂഷകൾക്ക് റവ. ഫാ. ബേസിൽ ചുമ്മാർ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുമേനിയുടെ മധ്യസ്ഥത തേടി പ്രാർത്ഥനകളോടെ നിരവധി വിശ്വാസികളാണ് തിരുക്കർമ്മങ്ങളിൽ ഭാഗഭാക്കായത്.
വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഫുഡ് സ്റ്റാളായിരുന്നു ഈ വർഷത്തെ പെരുന്നാളിന്റെ പ്രധാന ആകർഷണം. വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിച്ച സ്റ്റാൾ നാടൻ പെരുന്നാളിന്റെ രുചിക്കൂട്ടുകൾ ഓസ്ട്രേലിയൻ മണ്ണിലുമെത്തിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന ലേലത്തിലേക്ക് സാധനങ്ങൾ വഴിപാടായി സമർപ്പിക്കുന്നതിലും തിരുക്കർമ്മങ്ങൾ വിജയകരമാക്കുന്നതിലും ഇടവകാംഗങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

