പെർത്ത്: രാജ്യത്തെ സാമ്പത്തികാവസ്ഥ ശക്തമാണെന്ന ഭരണകൂടത്തിന്റെ വാദങ്ങൾക്കിടയിലും, കടുത്ത ഭവനപ്രതിസന്ധിയും അനിയന്ത്രിതമായ വാടകക്കയറ്റവും മൂലം സ്വന്തമായി വീടില്ലാതെ നിരത്തുകളിലും പാർക്കിങ്ങുകളിലും കഴിയേണ്ടിവരുന്ന സാധാരണക്കാരുടെ എണ്ണം ഓസ്‌ട്രേലിയയിൽ ക്രമാതീതമായി വർദ്ധിക്കുന്നു. കാരവാനുകളിലും കാറുകളിലും താൽക്കാലിക കൂടാരങ്ങളിലുമായി പൊതുസ്ഥലങ്ങളിലും ബീച്ച് പാർക്കിങ്ങുകളിലും അഭയം തേടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റോക്കിംഗ്ഹാം സേഫ്റ്റി ബേയിൽ നിന്നുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ബേസിൽ സെമ്പിലാസ് സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വയോധികരും വിരമിച്ച സൈനികരും ഉൾപ്പെടെയുള്ള പൗരന്മാർ കാറുകളിലും ടെന്റുകളിലും അന്തിയുറങ്ങേണ്ടി വരുന്നത് സർക്കാരിന്റെ തെറ്റായ നയങ്ങളും കെടുകാര്യസ്ഥതയും മൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താങ്ങാനാവുന്ന നിരക്കിലുള്ള സോഷ്യൽ ഹൗസിംഗ് പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സർക്കാരുകൾക്ക് സാധിക്കാത്തതും അടിയന്തര ഭവന നിർമ്മാണ പദ്ധതികൾ കടലാസിലൊതുങ്ങിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വാടകയും ജീവിതച്ചെലവും താങ്ങാനാവാതെ സാധാരണക്കാർ തെരുവിലേക്ക് തള്ളപ്പെടുമ്പോഴും വാടക നിയന്ത്രിക്കാനോ മതിയായ സഹായങ്ങൾ നൽകാനോ ഭരണകൂടം തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൂടാതെ, മറ്റ് വഴികളില്ലാതെ വാഹനങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പകരം പൊതുസ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് മുന്നറിയിപ്പ്

